എങ്ങനെ നേടാം കയറ്റുമതിക്കുള്ള
കോഡ് നമ്പര്‍
കയറ്റുമതിയും ഇറക്കുമതിയും പണ്ടൊക്കെ ഒരു ബാലികേറാമല പോലെയായിരുന്നു. എന്നാലിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശ വ്യാപാര നയങ്ങളും ചട്ടങ്ങളും സുതാര്യവും സുഗമവുമാണ്. ഉല്‍പ്പന്നവും മാര്‍ക്കറ്റും അധീനതയിലായാല്‍ സംരംഭകന് കാര്യം നിസ്സാരം. ബാക്കിയുള്ളത് ചില ഔപചാരിക ചടങ്ങുകള്‍ മാത്രം. കയറ്റുമതി ഇറക്കുമതി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാവശ്യമായ വിവരങ്ങള്‍ പങ്കുവെക്കുന്ന ഒരു ലേഖന പരമ്പരയാണിത്. കയറ്റുമതിയോ ഇറക്കുമതിയോ ആയി ബന്ധപ്പെട്ട് നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും ഈ പംക്തി ഉപയോഗപ്പെടുത്താം.
കയറ്റുമതിക്കോ ഇറക്കുമതിക്കോ ഉദ്യമിക്കുന്ന ഒരാള്‍ക്ക് ആദ്യമായി വേണ്ടത് ഒരു കോഡ് നമ്പറാണ്. കോഡ് എന്നതുകൊണ്ട് ഒരു തനതായ ഐഡന്റിറ്റി ആണുദ്ദേശിക്കുന്നത്. സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജോയ്‌ന്റ് ഡയറക്‌റ്റര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ജെ.ഡി.എഫ്.റ്റി) ആണ് ഈ നമ്പര്‍ നല്‍കേണ്ടത്. കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും ആണ് ഈ ഓഫീസുകള്‍.
പേര് പ്രധാനം
ഒരു കമ്പനിക്കാണ് ഇത്തരം നമ്പര്‍ നല്‍കുക. (വ്യാപാരോന്മുഖമാണീ നമ്പര്‍. അതുകൊണ്ടാണ് കമ്പനി വേണമെന്നു പറയുന്നത്. വ്യാപാരോദ്ദേശ്യത്തോടെയല്ലാതെ വിനിമയം നടത്തുന്നവര്‍ക്കായി ഒരു കോമണ്‍ നമ്പര്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്). കമ്പനിയുടെ പേര് എളുപ്പം ഉച്ചരിക്കാവുന്നതും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതുമാണെങ്കില്‍ നന്ന്. ഒരേ പേരില്‍ ധാരാളം കമ്പനികള്‍ ഉണ്ടാകാം. ഒരുപക്ഷെ അതില്‍ മിക്കതും ഒരേ സ്ഥലത്തുനിന്നുള്ളതോ ഒരേ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയിരിക്കാം. ഇക്കാര്യങ്ങള്‍ മനസില്‍ വെച്ച് കമ്പനിയുടെ പേര് ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്താല്‍ ഇതു സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.
പ്രൊപ്രൈറ്ററി, പാര്‍ട്ട്‌ണര്‍ഷിപ്പ്, പ്രൈവറ്റ്/പബ്ലിക് ലിമിറ്റഡ്, എച്ച്.യു.എഫ് (അവിഭക്ത ഹിന്ദു കുടുംബം) അല്ലെങ്കില്‍ മറ്റേതെങ്കിലും ട്രസ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം കോഡ് നമ്പറിനായി അപേക്ഷിക്കാം. പ്രൊപ്രൈറ്ററി സ്ഥാപനത്തിന് പ്രൊപ്രൈറ്ററുടെ ആദായ നികുതി സ്ഥിരം എക്കൗണ്ട് നമ്പര്‍ (പാന്‍) മതി. മറ്റ് എല്ലാത്തരം സ്ഥാപനങ്ങള്‍ക്കും കമ്പനിയുടെ പേരില്‍ തന്നെ പാന്‍ വേണം. ഏതെങ്കിലും ഒരു ബാങ്കില്‍ കമ്പനിയുടെ പേരില്‍ എക്കൗണ്ടും നിര്‍ബന്ധമാണ്. ആ ബാങ്കില്‍ നിന്നുള്ള ഒരു സര്‍ട്ടിഫിക്കറ്റും ഒപ്പു വെക്കുന്ന ആളുടെ ഫോട്ടോയും അറ്റസ്റ്റ് ചെയ്‌തു വാങ്ങേണ്ടതുണ്ട്. പാനും ബാങ്ക് എക്കൗണ്ടും ഉണ്ടെങ്കില്‍ കോഡ് നമ്പറിനുള്ള ഫോം പൂരിപ്പിച്ച് നല്‍കാം.
എ.എന്‍.എഫ്-2 എ എന്ന പേരിലുള്ള അപേക്ഷാ ഫോമാണ് ഉപയോഗിക്കേണ്ടത്. അപേക്ഷയുടെ എല്ലാ പേജുകളിലും സ്റ്റാമ്പും ഒപ്പും വേണം. അതുപോലെ ഒപ്പം വെക്കുന്ന എല്ലാ ഫോട്ടോസ്റ്റാറ്റ് കോപ്പികളിലും സ്റ്റാമ്പും ഒപ്പും വേണം. ശരിയായ ഇ-മെയ്‌ല്‍ അഡ്രസ് നല്‍കിയാല്‍ ഭാവിയില്‍ എഴുത്തുകുത്തുകള്‍ എളുപ്പമാകും.
അപേക്ഷയോടൊപ്പം ആയിരം രൂപ സര്‍ക്കാരിലടയ്‌ക്കണം. ഈ തുക, ടി ആര്‍ 6 എന്ന ചല്ലാനില്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകൃത ശാഖകളില്‍ അടച്ചതിന്റെ ഒറിജിനലും കോപ്പിയും അപേക്ഷയോടൊപ്പം നല്‍കണം.
അല്ലെങ്കില്‍ ജോയ്‌ന്റ് ഡയറക്‌റ്റര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, എന്ന പേരിലുള്ള ഡിമാന്‍ഡ് ഡ്രാഫ്‌റ്റോ പേ ഓര്‍ഡറോ ആയാലും മതി. പ്രൊപ്രൈറ്ററോ പാര്‍ട്ട്‌ണറോ ഡയറക്‌റ്ററോ ട്രസ്റ്റിയോ തന്നെ അപേക്ഷയില്‍ ഒപ്പുവെക്കണം.
പൂരിപ്പിച്ച അപേക്ഷ ഒരു ഫോര്‍വേഡിംഗ് ലെറ്ററോടുകൂടി, അടുത്തുള്ള ജെ.ഡി.എഫ്.റ്റി ഓഫീസില്‍ കൊടുക്കാം. മടക്ക തപാലിനുള്ള സ്റ്റാമ്പൊട്ടിച്ച് അഡ്രസ്സെഴുതിയ കവറും വേണം. കൗണ്ടര്‍ സ്‌ക്രൂട്ടിണിയില്‍ അപേക്ഷ അംഗീകരിച്ചാല്‍, അതിന്റെ രസീതി കിട്ടും; രണ്ടു ദിവസത്തിനുള്ളില്‍ നമ്പറും. പത്തക്കങ്ങള്‍ ഉണ്ടായിരിക്കും ഇതില്‍. ആദ്യത്തെ രണ്ടക്കം ഏരിയയെ സൂചിപ്പിക്കുന്നു; അടുത്ത രണ്ടക്കം വര്‍ഷത്തിനെയും. ബാക്കി കാണുന്ന നമ്പര്‍ സീരിയലായി വരുന്നു. ഇതില്‍ കാറ്റഗറിയും ഉണ്ടായിരിക്കും. ഒരിക്കല്‍ നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍, അതു പുതുക്കേണ്ട ആവശ്യമില്ല.
പക്ഷെ മാറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കണം. ആ സമയം കഴിഞ്ഞാല്‍ 1000 രൂപ പിഴയോടുകൂടി മാറ്റങ്ങള്‍ ചെയ്യിക്കാവുന്നതാണ്.
www.dgft.gov.in എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇപ്പോഴത്തെ നിയമം അനുസരിച്ച് ഒരു പാനിന് ഒരു കോഡ് നമ്പറേ ലഭിക്കൂ.
ഇതാണ് ഇംപോര്‍ട്ടര്‍ - എക്‌സ്‌പോര്‍ട്ടര്‍ കോഡ് അഥവാ ഐ.ഇ.സി നമ്പര്‍. ഇതു തന്നെ ആണ് വിദേശ നാണ്യ വിനിമയത്തിന് ബാങ്കുകള്‍ ഉപയോഗിക്കുന്നതും. നേരത്തെ കയറ്റുമതിക്കും ഇറക്കുമതിക്കും പ്രത്യേകം പ്രത്യേകം നമ്പറുകള്‍ ആവശ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ ഒരു നമ്പര്‍ മാത്രമേ നിലവിലുള്ളു. ബാങ്കും കസ്റ്റംസും കയറ്റുമതി - ഇറക്കുമതി വ്യാപാരിയെ തിരിച്ചറിയുന്നതും ഈ നമ്പറിലൂടെയാണ്.
ഈ നമ്പര്‍ പലയിടങ്ങളില്‍ ആവശ്യമാണ്. കയറ്റുമതിയില്‍ ബില്ല്, പായ്‌ക്കിംഗ് ലിസ്റ്റ്, ഷിപ്പിംഗ് ബില്ല്, എയര്‍വേ ബില്ല്, സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍, ഇന്‍ഷുറന്‍സ് പോളിസി, ബാങ്ക് രേഖകള്‍ തുടങ്ങിയ ഡോക്യുമെന്റുകളില്‍ ഇതുണ്ടായിരിക്കണം. ഈ നമ്പര്‍ ഉണ്ടെങ്കിലേ ബാങ്ക് വഴി വിദേശനാണ്യ ഇടപാടുകള്‍ നടത്താനാകൂ. കത്തിടപാടുകള്‍ നടത്തുമ്പോഴും ഈ നമ്പര്‍ അനിവാര്യമാണ്. ഇത് നഷ്ടപ്പെട്ടാല്‍ ``ഡ്യൂപ്ലിക്കേറ്റ്'' ലഭിക്കാന്‍ സത്യവാങ്‌മൂലവും ഇന്‍ഡെമ്‌നിറ്റി ബോണ്ടും 200 രൂപ പിഴയും നല്‍കണം. ഒപ്പം പൊലീസില്‍ ബോധിപ്പിച്ച പരാതിയുടെ കോപ്പിയും വേണം. എന്നാല്‍ ഈ നമ്പര്‍ ലാമിനേറ്റ് ചെയ്‌തുവെക്കരുത്. കാരണം മാറ്റങ്ങള്‍ നോട്ട് ചെയ്യാന്‍ ഇത് പല പ്രാവശ്യവും തിരികെ കൊടുക്കേണ്ടിവരും. ചിലപ്പോള്‍ തിരിച്ചുതരുന്നത് പുതിയ ``പ്രിന്റ് ഔട്ട്'' ആയിരിക്കും. ഈ നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ അനുവദനീയമായ ഏത് ഉല്‍പ്പന്നത്തിന്റേയും കയറ്റുമതിയും ഇറക്കുമതിയും ചെയ്യാം.
2
കയറ്റുമതി ബിസിനസ് അനായാസമാക്കാന്‍
ഇതാ പുസ്‌തകങ്ങള്‍
കഴിഞ്ഞ രണ്ട് ലക്കങ്ങളില്‍ കയറ്റുമതി - ഇറക്കുമതി ബിസിനസ് ആരംഭിക്കുന്നവര്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട നടപടി ക്രമങ്ങളെപ്പറ്റിയാണ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അത് എവിടെ നിന്നൊക്കെ അറിയാന്‍ കഴിയുമെന്നും ഇനി നോക്കാം.
വിദേശ വ്യാപാരനയത്തിനനുബന്ധമായിട്ടുള്ള മൂന്ന് സഹായക ഗ്രന്ഥങ്ങള്‍ ഈ രംഗത്തുള്ളവര്‍ വായിച്ചിരിക്കണം. നടപടിക്രമങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ഗൈഡായ `ഹാന്‍ഡ് ബുക്കിന്റെ' മൂന്ന് വാല്യങ്ങളാണ് അത്. ഇതില്‍ ഒന്നാം വാല്യം ആണ് ഏറ്റവും പ്രധാനം. നടപടിക്രമങ്ങളാണ് ഇതില്‍
പ്രതിപാദിച്ചിരിക്കുന്നത്.
നിര്‍ണായകമായ വിവരങ്ങള്‍
കയറ്റുമതി ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും അവയ്‌ക്കാവശ്യമുള്ള വസ്‌തുക്കളുടെയും അംഗീകൃത ആനുപാതിക വിവരങ്ങള്‍( standard Input Output Norms) വാല്യം 2ലാണ് കൊടുത്തിരിക്കുന്നത്. ഈ ബുക്കിലെ ഉള്ളടക്കത്തിനെ സയണ്‍ (SION) എന്നാണ് പറയുക. ഇതിലടങ്ങിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇംപോര്‍ട്ട് ഓതറൈസേഷന്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഇതില്‍പ്പെടാത്തവ ഡ്യൂട്ടി ഫ്രീ ഇംപോര്‍ട്ട് ഓതറൈസേഷന് (DFIA) അര്‍ഹമല്ല; എന്നാല്‍ അഡ്വാന്‍സ് ഓതറൈസേഷന്‍ പ്രത്യേക അപേക്ഷയിലൂടെ ലഭ്യമാകും. സയണിനെ ആസ്‌പദമാക്കിയാണ് ഡി.ഇ.പി.ബി (Duty Entitlement Pass Book) നിരക്കുകള്‍ നിര്‍ണയിക്കുന്നത്.
കയറ്റുമതി-ഇറക്കുമതി ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും അനുക്രമ നമ്പറുകളും (അതായത് ലോക കസ്റ്റംസ് അംഗീകരിച്ച രാജ്യാന്തര വ്യാപാര ക്രോഡീകൃത നമ്പര്‍ സംയോജിത സമ്പ്രദായത്തിനെ അവലംബിച്ചുകൊണ്ട് ഇന്ത്യ അനുവര്‍ത്തിക്കുന്ന Indian Trade Classificiation - Harmonised System-ഐ.റ്റി.സി-എച്ച്.എസ് കോഡ് ) അവയ്‌ക്കുള്ള നയ-നിയമ-ചട്ടങ്ങളുടെ വിവരങ്ങളും വാല്യം 3ലാണ് കൊടുത്തിരിക്കുന്നത്.
ഇറക്കുമതി വിഭാഗവും കയറ്റുമതി വിഭാഗവും ഷെഡ്യൂള്‍ 1, 2 എന്ന രീതിയില്‍ വേര്‍തിരിച്ചിരിക്കുന്നതുകൊണ്ട് വളരെ എളുപ്പത്തില്‍ ഉല്‍പ്പന്നങ്ങളുടെ വ്യവസ്ഥകള്‍ മനസിലാക്കാന്‍ പറ്റും. ഉദാരവല്‍ക്കരണത്തെ തുടര്‍ന്ന് വളരെക്കുറച്ച് വസ്‌തുക്കള്‍ക്കേ കയറ്റുമതി - ഇറക്കുമതി ചെയ്യാന്‍ വിലക്കുകളുള്ളൂ. വിലക്കുകള്‍ ഉള്ളതേതാണെന്നും അതിന്റെ നിബന്ധനങ്ങളെന്താണെന്നും അറിയാന്‍ ഈ പുസ്‌തകം ഉപകരിക്കുന്നു. മാത്രമല്ല ഈ നമ്പറുകള്‍ കയറ്റുമതി - ഇറക്കുമതി പ്രമാണങ്ങളില്‍ അവശ്യം സൂചിപ്പിക്കേണ്ടതാണ്.
വിവിധ കസ്റ്റംസ് തീരുവയും എക്‌സൈസ് തീരുവയും ഉള്‍ ക്കൊള്ളുന്ന ഭാഗങ്ങളും ഇതിനൊപ്പം തന്നെ റഫര്‍ ചെയ്യേണ്ടതാണ്. ഇവയിലെല്ലാം ചില സാദൃശ്യങ്ങള്‍ കാണാം. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരു കോഡ് നമ്പര്‍ കൊടുത്തിട്ടുണ്ട്. ആഗോളതലത്തില്‍ ഈ കോഡ് നമ്പറിന് വ്യത്യാസമില്ല. ആദ്യത്തെ രണ്ടക്കങ്ങള്‍ ഉല്‍പ്പന്ന വിഭാഗവും രണ്ടാമത്തെ രണ്ടക്കങ്ങള്‍ ഉപ വിഭാഗവും അടുത്ത രണ്ടക്കങ്ങള്‍ ഉല്‍പ്പന്നത്തിന്റെ ക്രമനമ്പറും അടുത്ത രണ്ടക്കങ്ങള്‍ ഉപ-ക്രമ നമ്പറുകളും ആണ്. എല്ലാം ഇരട്ട സംഖ്യകളായിരിക്കണം. എട്ടക്കങ്ങള്‍ ഉണ്ടെങ്കിലേ ഉല്‍പ്പന്നങ്ങളെ തിരിച്ചറിയാന്‍ കഴിയൂ; അല്ലെങ്കില്‍ ഏത് വിഭാഗവുമായി ആ ഉല്‍പ്പന്നം ബന്ധപ്പെട്ട് കിടക്കുന്നുവെന്നേ മനസിലാകൂ.
ഹാന്‍ഡ് ബുക്ക് വാല്യം 3ലും കസ്‌റ്റംസ്-എക്‌സൈസ് തീരുവകള്‍ എഴുതിയിരിക്കുന്ന ഭാഗത്തും ഒരേ നമ്പറുകളാണുണ്ടാകുക. ചിലപ്പോള്‍ അവസാനത്തെ രണ്ടക്കങ്ങളുടെ കുറവ് കാണാം. അതുപോലെതന്നെ ഉല്‍പ്പന്നങ്ങളുടെ അളവ്, എണ്ണമാണോ, തൂക്കമാണോ എന്നുള്ള കാര്യങ്ങളും കസ്റ്റംസ് ബുക്കിലും എക്‌സൈസ് ബുക്കിലും ഹാന്‍ഡ് ബുക്ക് മൂന്നാം വാല്യത്തിലും ഒരുപോലെ ആയിരിക്കും.
മിക്കവാറും ഉല്‍പ്പന്നങ്ങളുടെ പേരും ഒന്നുതന്നെ ആയിരിക്കും. എങ്കിലും മൂന്ന് ബുക്കുകളും മൂന്ന് ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് എപ്പോഴും ഓര്‍മയുണ്ടായിരിക്കണം.
അനായാസം മനസിലാക്കാം ഹാന്‍ഡ് ബുക്കിന്റെ വാല്യം 2ലും ഉല്‍പ്പന്നങ്ങള്‍ക്ക് / ചരക്കുകള്‍ക്ക് നമ്പറുണ്ട്. ഇത് തികച്ചും വ്യത്യസ്‌തമായ രീതിയിലാണ്. ഇതിലെ നമ്പറുകള്‍ക്കു മുമ്പായി, എ, ബി, സി എന്നിങ്ങനെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതിയിരിക്കുന്നത് കാണാം. ``എ''-കെമിക്കല്‍സ്, ``ബി'' -ഇലക്ട്രോണിക്‌സ്, ``സി-എന്‍ജിനീയറിംഗ്, ``ഡി''-ഫിഷ് ആന്‍ഡ് ഫിഷ് പ്രോഡക്‌റ്റ്‌സ് എന്നിങ്ങനെ പോകുന്നു അവ. ഇതില്‍ കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ ചരക്കുകള്‍ ഒരു ഭാഗത്തെഴുതിയിട്ടുണ്ടാകും. ഉദാഹരണത്തിന് എ-1000 വിക്‌റ്റോറ്യ ബ്ലു ആര്‍; ഈ കയറ്റുമതി ചരക്ക് നിര്‍മിക്കാന്‍ വേണ്ടി ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ (ഇത് മറ്റുള്ളവരുടെ ഉല്‍പ്പന്നങ്ങളാകാം) പേര് തുടങ്ങിയ വിവരങ്ങള്‍ അതിനെതിരെയുള്ള കോളങ്ങളില്‍ കൊടുത്തിട്ടുണ്ട്. കയറ്റുമതി കോളത്തിലും ഇറക്കുമതി കോളത്തിലും അതാത് സാധനങ്ങളുടെ അളവും കൊടുത്തിട്ടുണ്ട്. ഉല്‍പ്പാദക-കയറ്റുമതിക്കാര്‍ നല്‍കുന്ന അനുപാതം ഒരു വിദഗ്‌ധ കമ്മിറ്റി പരിശോധിച്ചതിനു ശേഷം അംഗീകരിക്കുന്ന അനുപാതങ്ങളാണ് ഈ നിയമങ്ങള്‍. പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇതൊരു തുടര്‍ പ്രക്രിയയാണ്. (ഇതിന്റെ നട
പടിക്രമങ്ങളെക്കുറിച്ച് ഇനി വരുന്ന ലക്കങ്ങളില്‍ വിശദീകരിക്കുന്നതാണ്). ഇതിലെ നമ്പറുകളും മറ്റുള്ള ബുക്കുകളിലെ നമ്പറുമായി ഒരു ബന്ധവുമില്ല. പക്ഷെ ഉല്‍പ്പന്നങ്ങള്‍ ഒന്നാകാം.
നിരക്കുകള്‍ അറിയാം
അതുപോലെ ഡി.ഇ.പി. ബി (DEPB) നിരക്കുകളടങ്ങിയ മറ്റൊരു പുസ്‌തകവും ലഭ്യമാണ്. കയറ്റുമതി ചെയ്യുന്ന ചരക്കുകളും അവ അര്‍ഹിക്കുന്ന ആനുകൂല്യ ത്തിന്റെ നിരക്കുകളും അറിയാന്‍ ഈ ഗ്രന്ഥം സഹായകമാകും. ഇവിടെ നമ്പറുകളുടെ ക്രമം മറ്റൊരു തരത്തിലാണ്. ഇതുവരെ പറഞ്ഞ കോഡ് നമ്പറുകളുമായി ഒരു ബന്ധവുമില്ല. ഡ്യൂട്ടി ഡ്രോബാക്കിനു (Duty Drawback) മറ്റൊരു ഷെഡ്യൂള്‍ ഉണ്ട് ആ പുസ്‌തകത്തില്‍. നിരക്കുകള്‍ക്കു പുറമെ ഡി.ബി.കെ (DBK)യുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലെ നമ്പറുകള്‍ കസ്റ്റംസ്-എക്‌സൈസ്-ഐ.റ്റി.സി നമ്പറുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഉല്‍പ്പന്നങ്ങളും അവയുടെ തീരുവകളും ഡി.ബി.കെ നിരക്കുകളും എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും.
ഈ കാര്യങ്ങള്‍ക്കൊപ്പം തന്നെ അറിഞ്ഞിരിക്കേണ്ടതാണ് ബാങ്കുമായി ബന്ധപ്പെട്ട നിയമ-ചട്ടങ്ങള്‍. പ്രധാനമായി ശ്രദ്ധിക്കേണ്ടത് എല്ലാ കയറ്റുമതി-ഇറക്കുമതി വിദേശ നാണയമിടപാടുകളും ബാങ്ക് വഴി മാത്രമേ നടത്താവൂ എന്നതാണ്. വിദേശനാണ്യ വിനിമയ മാനേജ്‌മെന്റ് ആക്‌റ്റ് പ്രകാരമാണിത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് വിദേശനാണ്യ വിനിമയ ഡീലേഴ്‌സ് അസോസിയേഷന്റെ നിയമങ്ങളും ബാധകമാണ്.
മുകളില്‍ പറഞ്ഞ ബുക്കുകളൊക്കെ മിക്കവാറും എല്ലാ ``നിയമ'' ബുക്ക് സ്റ്റാളുകളിലൂടെയും വില്‍ക്കപ്പെടുന്നുണ്ട്. സര്‍ക്കാരും പ്രസിദ്ധീകരിക്കുന്നു. ഇതെല്ലാം തന്നെ സര്‍ക്കാര്‍ വെബ് സൈറ്റിലും ലഭ്യമാണ്. www.dgft.gov.in, www.cbec.gov.in & www.rbi.org.in ആണ് അഡ്രസ്സുകള്‍.
For more details click here |