ഒടുവില്‍ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് താങ്ങും തണലുമായിരുന്ന ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങിവന്നുതുടങ്ങിയിരിക്കുന്നു. വര്‍ഷങ്ങളായി ചെറിയ രീതിയില്‍ ഇത്തരം മടക്കം ഉണ്ടാകാറുണ്ടായിരുന്നു. ഇത്തരം ചെറുരീതിയിലുള്ള മടക്കം പോലും കേരളത്തിന് വന്‍ പ്രശ്‌നമായി മാറാനുള്ള സാഹചര്യം നിലനില്‍ക്കേയാണ് യുദ്ധസമാന രീതിയില്‍ ആളുകള്‍ കൂട്ടത്തോടെ മടങ്ങിവരാന്‍ തുടങ്ങിയിരിക്കുന്നത്. ജൂണ്‍ മാസം ആകുമ്പോഴേക്ക് ഇങ്ങനെ മടങ്ങിയെത്തുന്നവരുടെ എണ്ണം 3-5 ലക്ഷമാകുമെന്നാണ് സംസ്ഥാന ധനകാര്യമന്ത്രിയുടെ കണക്ക്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തൊഴിലാളി യൂണിയന്‍ നേതാവ് അഡ്വ.തമ്പാന്‍ തോമസ് ചൂണ്ടിക്കാട്ടുന്നത് രണ്ടുവര്‍ഷത്തിനുള്ളില്‍ 30 ലക്ഷം മലയാളികള്‍ തിരിച്ചെത്തുമെന്നാണ്! പത്ര വാര്‍ത്തകളെ മുഖവിലയ്‌ക്ക് എടുക്കാമെങ്കില്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ ദിവസവും വന്നിറങ്ങുന്നത് 300ലേറെ ഗള്‍ഫ് മലയാളികളാണ്. മടങ്ങിയെത്തുന്ന ഇവരെ ഫലപ്രദമായി കൈകാര്യം ചെയ്‌തില്ല എങ്കില്‍ അത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ മാത്രമല്ല സാമൂഹ്യരംഗത്തും ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക. കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന കേരളത്തിലെ ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവ് ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നും അത് എങ്ങനെയൊക്കെ പരിഹരിക്കാമെന്നുമുള്ള ഒരു ചര്‍ച്ചയ്‌ക്ക് ധനം ഇവിടെ തുടക്കമിടുന്നു. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറി ഷീല തോമസ് ഐ.എ.എസ്, സാമ്പത്തിക വിദഗ്‌ധനായ ഡോ.ബി.എ പ്രകാശ്, പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവ് അഡ്വ.തമ്പാന്‍ തോമസ്, മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീനിവാസന്‍ കൃഷ്‌ണന്‍, പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍ കെ.വി ഷംസുദ്ദീന്‍ എന്നിവര്‍ തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ വ്യക്തമാക്കുന്നു.
പുനരധിവാസ നടപടികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കും
ഷീല തോമസ്, ഐ.എ.എസ്, സെക്രട്ടറി, നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ്
മാധ്യമങ്ങളില്‍ വരുന്ന കണക്കുകള്‍ അല്ലാതെ എത്ര വിദേശ മലയാളികള്‍ കേരളത്തിലേക്ക് മടങ്ങിവരുമെന്നതിനെക്കുറിച്ച് ആധികാരികമായ കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. ഞങ്ങള്‍ക്ക് ഗള്‍ഫിലെ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള ഏക ഔദ്യോഗിക സംവിധാനം എംബസികളാണ്. അതിനാല്‍ ഈ പ്രശ്‌നം ഞങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ട്. ആശങ്ക ഉളവാക്കുന്ന രീതിയിലുള്ള ഒരു സാഹചര്യവും അവരുടെ ശ്രദ്ധയില്‍പ്പെട്ടതായി ഇതേവരെ അറിയിച്ചിട്ടില്ല.
കേരളത്തിലും തൊഴിലില്ലായ്‌മ നിലനില്‍ക്കുന്നതിനാല്‍ പ്രവാസികള്‍ വന്‍തോതില്‍ തിരികെ വരുന്നത് വലിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഒരു സംവിധാനം ഉടനെ തന്നെ നോര്‍ക്ക-റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തുന്നതാണ്. കൂടാതെ അത്തരമൊരു ഡാറ്റബേസ് സൃഷ്ടിക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങളും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. അതിലൂടെ ഏത് വിഭാഗം ആള്‍ക്കാരാണ് മടങ്ങിയെത്തുന്നതെന്ന് കണ്ടെത്തിയാല്‍ മാത്രമേ വിശദമായൊരു പദ്ധതി തയാറാക്കാനാകൂ. അതിന്റെ ഒരു തുടക്കമെന്ന നിലയിലാണ് ഇപ്പോഴത്തെ ബജറ്റില്‍ 10 കോടി രൂപ ഗവണ്‍മെന്റ് മാറ്റിവെച്ചിരിക്കുന്നത്. പദ്ധതികള്‍ രൂപപ്പെടുന്നതനുസരിച്ച് ഗവണ്‍മെന്റ് കൂടുതല്‍ തുക അനുവദിക്കുകയോ അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ അതിനുവേണ്ട ഫണ്ട് സ്വരൂപിക്കുകയോ ചെയ്യുന്നതാണ്.
പ്രവാസി കേരളീയര്‍ക്ക് ഒരു ക്ഷേമപദ്ധതി നടപ്പാക്കുന്നതിനുള്ള നിയമം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ 10 കോടി രൂപ നീക്കിവെച്ചിട്ടുള്ളത്. മടങ്ങിവന്നവര്‍ ഉള്‍പ്പെടെയുള്ള പ്രവാസി കേരളീയരെ വിവിധ ആവശ്യങ്ങളില്‍ സഹായിക്കുന്നതിന് വേണ്ടിയാണിത്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇതിലേക്ക് അംശാദായം അടച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എന്നാല്‍ ക്ഷേമനിധി തുടങ്ങുന്നതിനു മുമ്പ് മടങ്ങി വന്നവര്‍ക്കായി ആശ്വാസനിധി എന്നൊരു പദ്ധതികൂടി ക്ഷേമനിധിയില്‍ ഉണ്ടാകും
മടങ്ങിയെത്തുന്ന പ്രവാസികളില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കെ.എഫ്.സി 100 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ധനകാര്യ വകുപ്പ് ഉടനെ പുറപ്പെടുവിക്കും. സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുക, മറ്റ് രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുക തുടങ്ങിയ വിവിധ രംഗങ്ങളിലെ സാധ്യതകള്‍ പ്രവാസികളുടെ പുനരധിവാസത്തിനായി പ്രയോജനപ്പെടുത്തും. മടങ്ങിയെത്തുന്നവരെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ ലഭിക്കുന്നതോടെ അവരെ ലക്ഷ്യം വെച്ചുകൊണ്ട് കുറേക്കൂടി വ്യക്തവും കേന്ദ്രീകൃതവുമായ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കാനാകും.
വരുന്നത് യുദ്ധസമാന അവസ്ഥ
ശ്രീനിവാസന്‍ കൃഷ്‌ണന്‍, പ്രസിഡന്റ്, മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍
ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്കുള്ള ആളുകളുടെ കൂട്ടത്തോടെയുള്ള മടക്കം വരാന്‍ പോകുന്ന ഒരു വലിയ വിപത്തിന്റെ സൂചന മാത്രമാണ്. ആഗോള സാമ്പത്തിക മാന്ദ്യം ആണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നത്. എന്നാല്‍ മാന്ദ്യം അവസാനിച്ചാലും മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണി ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല. പല രാജ്യങ്ങളും അവിടങ്ങളിലെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ പല നീക്കങ്ങളും നടത്തുന്നതിനിടയിലാണ് മാന്ദ്യം രൂക്ഷമായത്. അതുകൊണ്ടുതന്നെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാലും പഴയതുപോലെ വിപുലമായ രീതിയില്‍ ഇന്ത്യാക്കാര്‍ക്ക് ജോലി അവസരം ലഭിക്കണമെന്നില്ല.
ഇറാക്ക്-കുവൈറ്റ് യുദ്ധകാലത്ത് മലയാളികള്‍ കൂട്ടത്തോടെ തിരിച്ചുവന്നപ്പോഴുണ്ടായ പ്രതിസന്ധിയെപ്പോലെ ഇപ്പോഴത്തെ അവസ്ഥയെ കാണുന്നവരുണ്ട്. യുദ്ധം അവസാനിച്ചപ്പോള്‍ മടങ്ങിവന്നവര്‍ തിരിച്ചുപോയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. യുദ്ധത്തിനുശേഷം വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതുകൊണ്ട് തൊഴിലവസരങ്ങളും വര്‍ധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ വന്‍കിട പദ്ധതികളുടെ നിര്‍മാതാക്കളില്‍ പോലും ശുഭാപ്‌തി വിശ്വാസമില്ല.
ഗള്‍ഫ് രാജ്യങ്ങള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ആര്‍ക്കും തൊഴില്‍ വിസ നല്‍കേണ്ട എന്ന തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നാണ് സൂചന.
ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് ഉയര്‍ത്തുന്ന വെല്ലുവിളി പരിഹരിക്കാന്‍ യുദ്ധകാല നടപടികള്‍ക്ക് കേരളം ഇനിയും അമാന്തം കാണിക്കരുത്. വികസനം, മൂലധന നിക്ഷേപം തുടങ്ങിയവയുടെ കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കേണ്ട സമയമാണ് ഇത്. വ്യവസായവല്‍ക്കരണത്തിന് എന്ത് വിട്ടുവീഴ്‌ചയ്‌ക്കും നാം തയാറാകണം. ഉള്ള തൊഴില്‍ നഷ്‌ടപ്പെടുത്തുന്ന യാതൊന്നും ചെയ്യരുത്. മൂന്നാറിലെ ഇടിച്ചുനിരത്തലിന്റെ
ഫലമായി എത്രയോ പേര്‍ക്കാണ് തൊഴിലില്ലായത്. ടൂറിസം രംഗത്ത് കൂടുതല്‍ നിക്ഷേപത്തിന് എല്ലാവിധ പ്രോല്‍സാഹനവും നല്‍കണം.
അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം. ബന്ദ്, ഹര്‍ത്താല്‍, പണിമുടക്ക് തുടങ്ങിയവ നാം ഉപേക്ഷിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രവാസികാര്യ മന്ത്രാലയത്തിന് കൂടുതല്‍ അധികാരം നല്‍കണം. എല്ലാ ഇന്ത്യന്‍ എംബസികളിലും ഇതിനായി പ്രത്യേക വിഭാഗം തുടങ്ങണം.
വേണ്ടത് പ്രായോഗിക നടപടികള്‍
ഡോ. ബി.എ പ്രകാശ്, ചെയര്‍മാന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക് സ്റ്റഡീസ്, തിരുവനന്തപുരം
ഗള്‍ഫ് മേഖലയിലെ മാന്ദ്യം കാരണം ലക്ഷക്കണക്കിന് മലയാളികള്‍ ഉടനെതന്നെ കേരളത്തിലേക്ക് മടങ്ങിവരുമെന്നും എന്നാല്‍ അതല്ല വളരെക്കുറച്ചു പേര്‍ മാത്രമേ തിരികെ വരാന്‍ സാധ്യതയുള്ളൂ എന്നുമുള്ള വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിനു രണ്ടിനും മധ്യേയുള്ള ഒന്നായിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് ഞാന്‍ കരുതുന്നു. ആഗോള പ്രതിസന്ധി ഈ വര്‍ ഷം കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന. അത് ഗള്‍ഫ് മേഖലയില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കിയേക്കും. വിദേശ മലയാളികള്‍ വന്‍ തോതില്‍ മടങ്ങിയെത്തിയാല്‍ അത് കേരളത്തിലെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ വലിയൊരു തിരിച്ചടി ഉണ്ടാക്കുന്നതാണ്.
സംസ്ഥാന ബജറ്റില്‍ വിദേശ മലയാളി ക്ഷേമനിധി ബോര്‍ഡിന് 10 കോടി രൂപ നീക്കിവെച്ചു എന്നതുമാത്രമാണ് ഇക്കാര്യത്തിലുണ്ടായ ഏക നടപടി. പ്രവാസി ക്ഷേമനിധി ബില്‍ പാസാക്കിയിട്ടുണ്ടെങ്കിലും അതിനുതന്നെ വളരെയധികം പണം ആവശ്യമാണ്. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനായി കെ.എഫ്.സി 100 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നത് വെറുമൊരു തട്ടിപ്പാണ്. കാരണം അത്തരത്തില്‍ സംരംഭങ്ങള്‍ തുടങ്ങണമെന്നുള്ളവര്‍ക്ക് ബാങ്കുകളെ സമീപിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഗള്‍ഫില്‍ നിന്നും വെറും കൈയോടെ മടങ്ങിവരുന്നവര്‍ക്ക് വായ്‌പ കൊടുക്കാന്‍ ബാങ്കുകളോ കെ.എഫ്.സിയോ തയാറാകുമോ? വ്യക്തവും ഉടനടി പ്രായോഗികമാക്കാവുന്നതുമായ പദ്ധതികളാണ് വേണ്ടത്.
ഉണരണം സമൂഹമനസാക്ഷി ആകെ
അഡ്വ.തമ്പാന്‍ തോമസ്, പ്രസിഡന്റ്,
എച്ച്.എം.എസ്
ഒരു കോടിയോളം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നത്. വരുന്ന രണ്ടുകൊല്ലത്തിനുള്ളില്‍ ഇതിന്റെ 30 ശതമാനത്തോളം ആളുകള്‍ക്കും അതായത് 30 ലക്ഷം പേര്‍ക്കും നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വരും. ഇതേവരെ അ ഞ്ചുലക്ഷത്തോളം പേര്‍ നാട്ടിലേക്ക് തിരിച്ചുവന്നതായാണ് കണക്ക്.
തിരിച്ചുവരുന്നതില്‍ 15 ലക്ഷത്തോളം പേര്‍ കെട്ടിട നിര്‍മാണ മേഖലയിലെയും എണ്ണ ഉല്‍പ്പാദന മേഖലയിലെയും കൂലി തൊഴിലാളികളാണ്. അധ്യാപകര്‍, ഡോക്‌റ്റര്‍മാര്‍, നഴ്‌സുമാര്‍ പാരാമെഡിക്കല്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍, സിവില്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുടെ എണ്ണം ഏകദേശം 14 ലക്ഷത്തോളം വരും. ഒരു ലക്ഷത്തോളം പേര്‍ അവിടങ്ങളില്‍ ബിസിനസ് ചെയ്‌ത് തകര്‍ന്ന് വന്‍ കടബാധ്യതയുമായി തിരിച്ചുവരുന്നവരാണ്. അവസാനത്തെ രണ്ട് വിഭാഗങ്ങളില്‍ പെടുന്നവരുടെ കുട്ടികളും ഭാര്യമാരും അടങ്ങുന്ന കുടുംബാംഗങ്ങള്‍ വരും അഞ്ചുലക്ഷത്തോളം.
ഇവരുടെ തിരിച്ചുവരവ് സാമ്പത്തിക രംഗത്ത് മാത്രമല്ല സാമൂഹ്യരംഗത്തും ഉണ്ടാക്കുന്ന പ്രത്യാഘാതം രൂക്ഷമായിരിക്കും. പ്രശ്‌നത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ ഗവണ്‍മെന്റും പൊതുസമമൂഹവും മാധ്യമങ്ങളും ഉടന്‍ കര്‍മനിരതമാകണം. തിരിച്ചുവരുന്നവരില്‍ ആദ്യം പറഞ്ഞ വിഭാഗം കാര്യമായ സമ്പാദ്യം ഇല്ലാതെ തുടര്‍ന്ന് കുടുംബം പുലര്‍ത്തണമെങ്കില്‍ ഒരു ജോലി അത്യാവശ്യമായ വിഭാഗമാണ്. അവര്‍ക്ക് അടിയന്തിരമായി വേണ്ടത് ജോലിയാണ്. അതുകൊണ്ട് തൊഴിലവസരം വര്‍ധിപ്പിക്കാനുതകുന്ന കാര്യങ്ങള്‍ അടിയന്തിരമായി ഗവണ്‍മെന്റ് ചെയ്യണം. കയര്‍,കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലയും കൃഷിയും വന്‍തോതില്‍ തൊഴിലവസരം ഉണ്ടാക്കുന്നതാണ്. അതിന്റെ നവീകരണത്തിനും വളര്‍ച്ചയ്‌ക്കും വേണ്ടി ചെയ്യാവുന്നതെല്ലാം ഗവണ്‍മെന്റ് ചെയ്യണം.
രണ്ടാമത് പറഞ്ഞ വിഭാഗമാകട്ടെ അത്യാവശ്യം സമ്പാദ്യമുള്ള വിഭാഗമാണ്. ഇവരുടെ സമ്പാദ്യവും പ്രൊഫഷണല്‍ വൈദഗ്‌ധ്യവും എങ്ങനെ സംസ്ഥാനത്തിന് ഗുണകരമായ വിധത്തില്‍ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കണം. ഹൈടെക് കൃഷി, ബിസിനസ്, വ്യവസായം തുടങ്ങിയ മേഖലകളിലേക്ക് ഇവരെ ആകര്‍ഷിക്കാനുതകുന്ന പദ്ധതികള്‍ ഗവണ്‍മെന്റ് ആവിഷ്‌കരിക്കണം. ഇവര്‍ ഏര്‍പ്പെടുന്നത് ഏതു ബിസിനസിലായാലും അത് ഉല്‍പ്പാദന മേഖലയിലാണെങ്കില്‍ ഏറ്റവും നന്ന്.
കേരളത്തില ബിസിനസ് സമൂഹത്തിനും ഈ വെല്ലുവിളി നേരിടാന്‍ സംസ്ഥാനത്തെ സഹായിക്കുന്ന വിധത്തില്‍ പലതും ചെയ്യാനുണ്ട്. ബസിനസില്‍ നിന്നുണ്ടാകുന്ന സമ്പത്ത് പുനര്‍ നിക്ഷേപിക്കാതെ കൈവശം വെക്കരുത് എന്നതാണ് അതിലൊന്ന്. ട്രേഡ് യൂണിയനുകള്‍ വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ അടിയന്തിരമായി ഹെല്‍പ്പ് സെന്ററുകള്‍ തുറക്കണം. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്.പ്രതിസന്ധി അതിജീവിക്കാന്‍ വിവധ ഏജന്‍സികള്‍ കൈക്കൊള്ളുന്ന പരിപാടികളെക്കുറിച്ച് മാധ്യമങ്ങള്‍ വിദേശ മലയാളികളെ ബോധവല്‍ക്കരിക്കണം.
|