കേരളത്തിലെ ഐ.റ്റി രംഗത്തെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് പദ്ധതികളുടെ ഒരു ഘോഷയാത്രയാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും അവയില്‍ മിക്കതും കടലാസ് പദ്ധതികളായി അവസാനിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഐ.റ്റി വ്യവസായ മേഖല. കൊച്ചിയില്‍ സ്‌മാര്‍ട് സിറ്റി, തിരുവനന്തപുരത്തെ ടെക്‌നോസിറ്റി, കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക്, ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനം, ഇന്‍ഫോപാര്‍ക്കിന്റെ വികസനം എന്നിവയ്‌ക്കു പുറമെ സംസ്ഥാനത്തൊട്ടാകെയായി വിഭാവനം ചെയ്‌തിട്ടുള്ള ആറ് ജില്ലാതല പാര്‍ക്കുകളും ഉള്‍പ്പടെ മൊത്തം 11 പദ്ധതികളാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. എന്നാല്‍ ഇതിലെ വമ്പന്‍ പദ്ധതികളായ സ്‌മാര്‍ട് സിറ്റിക്കും ടെക്‌നോസിറ്റിക്കും പുറമെ ടെക്‌നോപാര്‍ക്കിന്റെ വികസനവും പ്രതിസന്ധിയിലായതോടെ മറ്റ് പദ്ധതികളുടെ ഭാവി എന്താകുമെന്ന അനിശ്ചിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുകയാണ് കേരളത്തിലെ ഐ.റ്റി മേഖല.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം, സംസ്ഥാനത്തെ സെസ് പദ്ധതികള്‍ക്കായുള്ള പ്രത്യേക നിബന്ധനകള്‍, പദ്ധതി നിര്‍വഹണത്തിലുള്ള ഗവണ്‍മെന്റിന്റെ കര്‍ക്കശ നിലപാടുകള്‍, ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വരുത്തിയ വന്‍ കാലതാമസം തുടങ്ങിയവ ഐ.റ്റി രംഗത്തെ മുന്നേറ്റത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്.
ടെക്‌നോസിറ്റിയും അവതാളത്തില്‍
സ്‌മാര്‍ട് സിറ്റിയെക്കാള്‍ വമ്പന്‍ പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്നതാണ് 500 ഏക്കറിലായി വിഭാവനം ചെയ്‌തിട്ടുള്ള തിരുവനന്തപുരത്തെ ടെക്‌നോസിറ്റി പദ്ധതി. പൊതു-സ്വകാര്യമേഖല പങ്കാളിത്തത്തില്‍ (പി.പി.പി) പദ്ധതി നടപ്പാക്കുന്നതിന് യോഗ്യരായ ഡെവലപ്പേഴ്‌സായി എട്ട് കമ്പനികളെ ഗവണ്‍മെന്റ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പദ്ധതിക്കായി ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഇതേവരെ ഒരു കമ്പനിയും തയാറായിട്ടില്ല. ഏകദേശം 100 ഏക്കറിലായി വിഭാവനം ചെയ്‌തിരിക്കുന്ന ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനും ഇതേ ഗതിയാണ് സംഭവിച്ചിരിക്കുന്നത്. ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നതാണ് വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും കമ്പനികളെ പിന്തിരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വൈകിപ്പോയത് വിനയാകും
ലോകമൊട്ടാകെ സാമ്പത്തികമാന്ദ്യത്തില്‍ മുങ്ങിത്താഴുമ്പോഴാണ് കേരളത്തിലെ ഐ.റ്റി മേഖലയില്‍ 10 പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നത് . ``ഏറ്റവും മോശമായ സമയത്താണ് നമ്മള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ കമ്പനികളെ കൂട്ടുപിടിക്കാനൊരുങ്ങുന്നത്. ഒന്നോ രണ്ടോ വര്‍ഷം മുമ്പ് ചെയ്യേണ്ടതായിരുന്നു ഇതൊക്കെ. തലതിരിഞ്ഞ ഗവണ്‍മെന്റ് നടപടികള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണിത്'', ഒരു പ്രമുഖ സാമ്പത്തിക വിദഗ്‌ധന്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് 2005ല്‍ ടെക്‌നോസിറ്റി പദ്ധതി പ്രഖ്യാപിച്ചത്. ഇപ്പോള്‍നാല് വര്‍ഷം കഴിഞ്ഞിട്ടും 500 ഏക്കറിലുള്ള പദ്ധതിക്കായി ആകെ ഏറ്റെടുക്കാനായത് വെറും 100 ഏക്കര്‍ മാത്രമാണ്. ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിന് 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയശേഷം 2007ല്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രഖ്യാപിച്ച സൈബര്‍ പാര്‍ക്കിനുവേണ്ടി 70 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടികളും പൂര്‍ത്തിയാക്കാനായിട്ടില്ല.
വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള വന്‍ കാലതാമസമാണ് ഐ.റ്റി പദ്ധതികള്‍ക്കും വിഘാതം സൃഷ്ടിച്ചിരിക്കുന്നത്. ടെക്‌നോസിറ്റിക്കും ടെക്‌നോപാര്‍ക്കിനും സൈബര്‍പാര്‍ക്കിനുമൊക്കെ മാര്‍ക്കറ്റ് വില നല്‍കിക്കൊണ്ട് ഫാസ്റ്റ് ട്രാക്ക് അക്വിസിഷനിലൂടെയാണ് ഭൂമി ഏറ്റെടുക്കുന്നത്. എന്നിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്താതെ പോകുന്നത് റെവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്‌ചയായി വിലയിരുത്തപ്പെടുന്നു. തിരുവനന്തപുരത്തെ കളക്‌റ്റ്രേറ്റ് കേന്ദ്രമാക്കി നടന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതയ്‌ക്ക് വ്യക്തമായ തെളിവാണെന്ന് വ്യവസായ പ്രമുഖര്‍ ആരോപിക്കുന്നു. റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇഴഞ്ഞുനീങ്ങുന്ന പഴഞ്ചന്‍ ഭരണശൈലി ഐ.റ്റി വ്യവസായത്തിന്റെ ഉയര്‍ന്ന വേഗവുമായി ഒരിക്കലും പൊരുത്തപ്പെട്ടുപോകില്ലെന്ന യാഥാര്‍ത്ഥ്യം പദ്ധതികള്‍ വെള്ളത്തിലായതോടെ വെളിപ്പെട്ടിരിക്കുകയാണ്.
ഇന്‍ഫോ പാര്‍ക്ക് വികസനവും വൈകുന്നു
ഇന്‍ഫോപാര്‍ക്കിന്റെ വികസനമാണ് ഉടനടി നടപ്പാക്കാന്‍ സാധ്യതയുണ്ടായിരുന്ന ഏക പദ്ധതി. കാരണം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ 130 കോടി രൂപ ചെലവില്‍ അതുല്ല്യ എന്ന പുതിയ കെട്ടിടം ഗവണ്‍മെന്റ് നേരിട്ടാണ് നിര്‍മിക്കുന്നത്. എന്നാല്‍ ഇന്‍ഫോ പാര്‍ക്കിന്റെ 3ാം ഘട്ട വികസനത്തിനായി 150 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുന്നതിനാല്‍ അതും അനന്തമായി നീളാനാണ് സാധ്യത. ``ടെക്‌നോപാര്‍ക്കില്‍ ഗവണ്‍മെന്റ് തന്നെ ബില്‍ഡിംഗുകള്‍ നിര്‍മിക്കുന്നതോടൊപ്പം കമ്പനികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നതും വിജയകരമായ ഒരു മാതൃകയാണ്. അത് വീണ്ടും പരീക്ഷിക്കാവുന്നതാണ്. പകരം പി.പി.പി മോഡലിനെ മാത്രം ഇപ്പോള്‍ ആശ്രയിക്കുന്നത് ഗുണകരമാകില്ല'' ഒരു പ്രമുഖ ഐ.റ്റി വ്യവസായി ചൂണ്ടിക്കാട്ടുന്നു. സെസ് പദ്ധതികളില്‍ കേന്ദ്ര ഗവണ്‍മെന്റിനുണ്ടായിരുന്നതുപോലുള്ള സുവ്യക്തമായൊരു നയം സംസ്ഥാനത്തിന് ഇല്ലാതെപോയതുകാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒട്ടേറെ സ്വകാര്യ ഐ.റ്റി സെസുകള്‍ വരാനുള്ള അവസരം കേരളത്തിന് നഷ്ടമായി.
ടെക്‌നോപാര്‍ക്കിന്റെയും ഇന്‍ഫോപാര്‍ക്കിന്റെയും മാതൃകയില്‍ കോഴിക്കോട് ഒരു സൈബര്‍ പാര്‍ക്ക് തുടങ്ങുന്നതോടൊപ്പം ഈ മൂന്ന് മുഖ്യ പാര്‍ക്കുകളുടെയും സമീപ ജില്ലകളില്‍ അനുബന്ധ പാര്‍ക്കുകള്‍ അവയുടെതന്നെ ബ്രാന്‍ഡ് നെയ്‌മോടെ സ്ഥാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന ഗവണ്‍മെന്റ്. ഇതനുസരിച്ച് കൊല്ലം, ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ജില്ലാതല ഐ.റ്റി പാര്‍ക്കുകള്‍ വരുന്നത്. ജില്ലാതല പാര്‍ക്കുകളും പി.പി.പി മാതൃകയില്‍ വികസിപ്പിക്കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നതെങ്കിലും അത് പ്രായോഗികമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ജില്ലാ പാര്‍ക്കുകള്‍ക്കുള്ള ഭരണാനുമതി കഴിഞ്ഞ വര്‍ഷം ജൂണിലാണ് നല്‍കിയത്. എന്നാല്‍ തുടര്‍ന്നുള്ള ഏഴ് മാസത്തിനുള്ളില്‍തന്നെ കൊല്ലം, ചേര്‍ത്തല, അമ്പലപ്പുഴ, കണ്ണൂര്‍, കാസര്‍കോഡ് എന്നീ പാര്‍ക്കുകള്‍ക്കെല്ലാം തന്നെ സെസ് പദവി നേടിയെടുക്കാനായത് മികച്ച ഒരു നേട്ടമായി വിലയിരുത്തപ്പെടുന്നു. ഐ.റ്റി അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു വര്‍ഷം മുമ്പ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതാണ് ഇതിനു കാരണം. ടെക്‌നോസിറ്റിയെന്ന വമ്പന്‍ പദ്ധതി ഉള്‍പ്പടെയുള്ള 10 ഐ.റ്റി പാര്‍ക്കുകള്‍ക്കായി സംസ്ഥാന ഗവണ്‍മെന്റ് ഇപ്പോഴത്തെ ബജറ്റില്‍ 385 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. ഇത്രയും തുകകൊണ്ട് എല്ലാ പദ്ധതികളിലും ഭൂമി നിരപ്പാക്കുകയും ചുറ്റുമതില്‍ കെട്ടുന്നതും ഉള്‍പ്പടെയുള്ള നാമമാത്രമായ അടിസ്ഥാന സൗകര്യവികസനം മാത്രമേ സാധ്യമാകുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വകാര്യപങ്കാളിത്തത്തോടെ ഐ.റ്റി പാര്‍ക്കുകളുടെ വികസനം ഉടനെ പ്രായോഗികമല്ലെന്നറിഞ്ഞിട്ടും അതിനായി കൂടുതല്‍ തുക മാറ്റിവെക്കാന്‍ ഗവണ്‍മെന്റ് തയാറായിട്ടില്ല.
ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കപ്പെട്ട കുണ്ടറ, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ മൂന്ന് ജില്ലാതല പാര്‍ക്കുകളും ആദ്യഘട്ടമെന്ന നിലയില്‍ 100 കോടി വീതം മൊത്തം 300 കോടി രൂപ മുതല്‍ മുടക്കോടെ അടുത്തവര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രസ്‌താവിച്ചിട്ടുണ്ടെങ്കിലും അത് സ്വകാര്യ നിക്ഷേപം കൂടി ചേര്‍ത്താണെന്ന് വ്യക്തമാണ്. അതിനാല്‍ ജില്ല പാര്‍ക്കുകളുടെ വികസനത്തിന് സ്വകാര്യ പങ്കാളികളെ കിട്ടിയില്ലെങ്കില്‍ അവയും അനിശ്ചിതാവസ്ഥയിലായേക്കും. രണ്ട് വര്‍ഷമായി പറഞ്ഞുകേള്‍ക്കുന്ന കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടിയും ഇതേവരെ എങ്ങുമെത്തിയില്ല. ആദ്യഘട്ടത്തില്‍ 250 കോടി മുതല്‍ മുടക്കോടെ നിര്‍മിക്കുന്ന സൈബര്‍പാര്‍ക്ക് അടുത്ത രണ്ട് വര്‍ഷംകൊണ്ടേ പ്രവര്‍ത്തന സജ്ജമാകൂവെന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി പറഞ്ഞത് പദ്ധതി ഇനിയും നീണ്ടുപോകുമെന്നതിന്റെ സൂചനയാണ്.
സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കണം.
ടെക്‌നോപാര്‍ക്കിന്റെ 3ാം ഘട്ട വികസനത്തിന് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ സ്വകാര്യ കമ്പനികള്‍ തയാറാകാത്തതിനാല്‍ അവിടെ പുതിയ ബില്‍ഡിംഗുകള്‍ കെട്ടുന്ന കാര്യം ഇപ്പോള്‍ ഗവണ്‍മെന്റിന്റെ പരിഗണനയിലുള്ളതായി അറിയുന്നു. എന്നാല്‍ കാര്യമായ ബജറ്റ് വിഹിതമില്ലാത്തതിനാല്‍ കേരളത്തിലെ ഐ.റ്റി പദ്ധതികള്‍ വീണ്ടും ഇഴഞ്ഞുനീങ്ങുന്ന അവസ്‌ഥയില്‍ തന്നെ തുടരുമെന്നതാണ് യാഥാര്‍ത്ഥ്യം.
ഐ.റ്റി രംഗത്ത് വന്‍തോതില്‍ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുന്നതിലൂടെ അടുത്ത ഘട്ടത്തിലുണ്ടാകുന്ന കുതിപ്പിലെങ്കിലും മികച്ച നേട്ടം കൊയ്യാന്‍ കേരളത്തിന് സാധിക്കുമെന്നാണ് വിദഗ്‌ധാഭിപ്രായം. നിയമങ്ങളിലും ചട്ടങ്ങളിലും വേണ്ടത്ര അയവ് വരുത്തിക്കൊണ്ട് കഴിയുന്നത്ര സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം ഈ രംഗത്ത് സര്‍ക്കാരിന്റേതായ നിക്ഷേപം വര്‍ധിപ്പിക്കുകയും വേണം.
സ്‌മാര്‍ട് സിറ്റി പദ്ധതി സ്‌മാര്‍ടാകുമോ?
കേരളത്തിലെ രണ്ട് ഭരണകൂടങ്ങളുടെ നിക്ഷേപ സൗഹൃദ സമീപനത്തിന്റെ ആത്മാര്‍ത്ഥത മാറ്റുരയ്‌ക്കപ്പെട്ട സ്‌മാര്‍ട് സിറ്റി പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നീങ്ങുന്നില്ല. കരാര്‍ ഒപ്പുവെച്ച് മാസങ്ങള്‍ പലതായെങ്കിലും ഇനിയും നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാതെ മരവിച്ചുകിടക്കുകയായിരുന്നു പദ്ധതി. പദ്ധതിക്കായി സ്‌മാര്‍ട് സിറ്റി അധികൃതര്‍ക്ക് നല്‍കുന്ന സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ വൈകിയതും സ്ഥലത്തിന് സെസ് പദവി ലഭിക്കാതിരുന്നതുമാണ് ഇതിനുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയത്. ഇതിനുകാരണക്കാര്‍ ആരെന്നതിനെച്ചൊല്ലി കേരള ഗവണ്‍മെന്റും സ്‌മാര്‍ട് സിറ്റി അധികൃതരും തമ്മില്‍ പരസ്യമായി പരസ്‌പരം കുറ്റപ്പെടുത്തുന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിച്ച് ഇരു വിഭാഗവും പരസ്‌പര ചര്‍ച്ചയ്‌ക്കായി തയ്യാറെടുക്കുകയാണ്. മാര്‍ച്ച് ആദ്യവാരം സ്‌മാര്‍ട് സിറ്റി അധികൃതര്‍ കേരളത്തിലെത്തി ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തുമെങ്കിലും പല കാര്യങ്ങളിലും തങ്ങള്‍ ചതിക്കപ്പെട്ടു എന്ന വികാരമാണ് അവര്‍ക്കുള്ളതെന്നാണ് പദ്ധതിയോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. പദ്ധതി പ്രദേശത്ത് ഉള്‍പ്പെട്ട സ്ഥലം ടീകോമിന്റെ അഭിപ്രായമാരായാതെ ഇന്‍ഫോ പാര്‍ക്ക് വികസനത്തിനായി നല്‍കിയത്, ടീകോമിന് സ്വതന്ത്രമായി വിനിയോഗിക്കാവുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടങ്ങിയവയില്‍ തങ്ങള്‍ക്കുള്ള കടുത്ത അതൃപ്‌തി സ്‌മാര്‍ട് സിറ്റി അധികൃതര്‍ ഗവണ്‍മെന്റിനെ ധരിപ്പിച്ചേക്കും.
|